Jeremiah 10

യഹോവയും വിഗ്രഹങ്ങളും

1ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ
ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ
നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്.
3ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്;
അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു,
ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.
4അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു;
അത് ആടിയുലയാതെ,
ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.
5വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു,
അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല;
അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ
ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം.
അവയെ ഭയപ്പെടരുത്;
അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല,
നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”

6യഹോവേ, അങ്ങയെപ്പോലെ ആരുമില്ല;
അവിടന്നു വലിയവൻ,
അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.
7രാഷ്ട്രങ്ങളുടെ രാജാവേ,
അങ്ങയെ ആർ ഭയപ്പെടാതിരിക്കും?
അത് അങ്ങയുടെ അവകാശമാണല്ലോ.
രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും
അവരുടെ എല്ലാ രാജ്യങ്ങളിലും,
അങ്ങയെപ്പോലെ ആരുമില്ല.

8അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ;
തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.
9തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും
ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു.
ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ
നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു—
ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.

10എന്നാൽ യഹോവ സത്യദൈവമാകുന്നു;
അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ.
അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു;
ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
11“ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”
ഈ വാക്യം അരാമ്യഭാഷയിലാണ്.


12എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;
തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു
തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
13അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;
അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.
അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,
തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.

14മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;
ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു.
അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്;
ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
15അവ മിഥ്യയും അപഹാസപാത്രവുമാണ്;
അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.

16യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,
അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല,
സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—
സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.

നാശം വരുന്നു

17ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ,
നാടുവിടുന്നതിനായി നിന്റെ ഭാണ്ഡം മുറുക്കിക്കൊൾക.
18യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഈ പ്രാവശ്യം ഈ ദേശവാസികളെ
കവിണയിൽവെച്ച് എറിഞ്ഞുകളയും;
ഞാൻ അവർക്കു ദുരിതംവരുത്തും
അങ്ങനെ അവർ പിടിക്കപ്പെടും.”

19എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം!
എന്റെ മുറിവു സൗഖ്യംവരാത്തതത്രേ!
എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു,
“ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.”
20എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു;
അതിന്റെ കയറുകളെല്ലാം അറ്റുപോയിരിക്കുന്നു.
എന്റെ മക്കൾ എന്നെ വിട്ടുപോയിരിക്കുന്നു അവരെ ഞാൻ ഇനി കാണുകയുമില്ല;
എന്റെ കൂടാരമടിക്കുന്നതിനും
എന്റെ തിരശ്ശീല നിവർക്കുന്നതിനും ആരുമില്ല.
21ഇടയന്മാർ മൃഗത്തിനു തുല്യരാണ്,
അവർ യഹോവയെ അന്വേഷിക്കുന്നില്ല;
അതിനാൽ അവർ ഐശ്വര്യം പ്രാപിക്കുന്നില്ല,
അവരുടെ ആട്ടിൻപറ്റമെല്ലാം ചിതറിപ്പോയിരിക്കുന്നു.
22ഇതാ, ഒരു വാർത്ത വരുന്നു—
വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ!
അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും
കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.

യിരെമ്യാവിന്റെ പ്രാർഥന

23യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല;
സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.
24യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല,
ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ,
അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും.
25അങ്ങയുടെ കോപം
അങ്ങയെ അറിയാത്ത ജനതകളുടെമേലും
അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും ചൊരിയണമേ.
കാരണം അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു;
അവർ അവനെ മുഴുവനായും വിഴുങ്ങിയിരിക്കുന്നു,
അവന്റെ വാസസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
Copyright information for MalMCV